സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി കോംഗോ പനി

തിരുവനന്തപുരം: നിപ്പ വൈറസ് സംസ്ഥാനത്ത് വീണ്ടും പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തിനും പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി കോംഗോ പനി സ്ഥിരീകരിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിക്കാണ് പനി സ്ഥിരീകരിച്ചത്.ഇയാളെ ഇപ്പോള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. ആദ്യമായിട്ടാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളിലേയും മൃഗങ്ങളുടേയും ചെള്ളില്‍ നിന്നാണ് ഈ അസുഖം പടരുന്നത്.

കഴിഞ്ഞ 27ാം തിയതി യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുള്ളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത് .

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്‌. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്‌. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്.

രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍ പോക്സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തില്‍ കലാശിക്കുന്നതും. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഗ്ലൗസും മാസ്‌ക്കും അടക്കമുള്ളവ ധരിക്കണമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അറവുമാടുകളെ പരിശോധനകള്‍ക്കുശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.