‘ശ്രീചിത്രന്‍ വഞ്ചിച്ചതാണ്’; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്: ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന്റെ പ്രതികരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

നൈതികതയെ കുറിച്ച്‌ കുട്ടികളോട് സംസാരിക്കാന്‍ തനിക്ക് അര്‍ഹതയില്ല. സുഹൃത്ത് തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ എന്റെ ക്രഡിബിലിറ്റിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ അയച്ചു തന്നു. അതൊന്നും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. മറ്റുള്ള കവികള്‍ തന്റെ രചനകള്‍ മോഷ്ടിച്ചു കൊണ്ട് പോയി പ്രസിദ്ധീകരിക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വിശ്വസിപ്പിച്ചു.

വിവാദമുയര്‍ന്ന സമയത്തും അയാള്‍ എന്നെ അങ്ങനെയാണ് വിശ്വസിപ്പിച്ചത്. പിന്നീടാണ് ബ്ലോഗ് ഉണ്ടെന്നും അതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബേ പ്രസിദ്ധീകരിച്ചതാണ് എന്നുമുള്ള കാര്യങ്ങള്‍ ഞാനറിഞ്ഞത്. ഇത് ചോദിച്ചപ്പോള്‍ ബ്ലോഗ് തിരുത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ അധ്യാപകന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴും, മറ്റ് പലരും തെളിവ് സഹിതം ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോളാണ് എനിക്ക് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായത്. കുറച്ച്‌ സമയത്തേക്കെങ്കിലും കലേഷിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ഹൃദയം തൊട്ട് ക്ഷമ പറയുകയാണെന്നും ദീപ പറഞ്ഞു.

കവിത മോഷ്‌ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്‌ടിച്ചതെന്നാണ് ശ്രീചിത്രന്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന്‍ എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്. ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ കൂട്ടിച്ചേര്‍ത്തു.

കലേഷിന്റെ കവിതയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അതില്‍ ഉറച്ച്‌ നില്‍ക്കൂ എന്ന് വരെ ഒരു മെസേജ് ഞാന്‍ അയച്ചു പോയി. കലേഷ് അത് കണ്ടിട്ടുണ്ടോയെന്ന് പോലും എനിക്കറിയില്ല. തന്റെ ഭാഗത്ത് നിന്നുമുണ്ടായ ജാഗ്രതക്കുറവിന് മാപ്പ് പറയുന്നുവെന്നും അവര്‍ വ്യക്തമാക്കി. എസ് കലേഷിന്റെ അങ്ങനെയിരിക്കെ നീ/ ഞാന്‍ എന്ന കവിതയാണ് വരികള്‍ വ്യത്യാസപ്പെടുത്തി എകെസിപിടിഎയുടെ മാഗസിനില്‍ ദീപാനിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

അതേസമയം, തന്റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.