ചരിത്രത്തിൽ ഇടം പിടിക്കാൻ ഒടിയനെത്തുന്നു; ആഗോള തലത്തിൽ ഒടിയന്റെ റിലീസ് 3500 തീയേറ്ററുകളിൽ

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം. ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസിനാണ് ഒടിയൻ ഒരുങ്ങുന്നത്. ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. ഇതോടെ ഈ രാജ്യങ്ങളിൽ ആദ്യ ദിനം തന്നെ റീലീസ് ചെയുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്രവും ഒടിയൻ സ്വന്തമാക്കും. അയര്‍ലന്‍റ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ലാത്വിയ എന്നിവിടങ്ങളിലും ഒടിയൻ റിലീസ് ഉണ്ട്. എന്നാല്‍ കേരളത്തില്‍ എത്ര തീയേറ്ററുകള്‍ ഉണ്ടാവുമെന്ന് അന്തിമതീരുമാനം എടുത്തിട്ടില്ല. ലോകമാകമാനം 3500 തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.