നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കുടുംബം ജപ്തിഭീഷണിയില്‍

നെയ്യാറ്റിന്‍കര: നവംബര്‍ 5ന് ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം ഇന്ന് ദുരിതത്തിന്റെ കയത്തിലേക്ക് കൂപ്പുകുത്തുന്നു. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. സംഭവം നടന്ന് ഒരുമാസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ധനസഹായമായി യാതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 22 ലക്ഷം രൂപ കടബാധ്യതയുള്ള കുടുംബം ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ കാറിനു മുന്നില്‍ തള്ളിയിട്ടു കൊന്ന സനല്‍കുമാറിന്റെ കുടുംബത്തിന് ധനസഹായം വൈകുന്നു.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടബാധ്യതയില്‍ മനംനൊന്തായ് സനല്‍കുമാറിന്റെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ബാധ്യതയാണ് 22 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നത്. സനല്‍കുമാറിന്റെ മരണത്തോടെ ഈ ബാധ്യത വിജിയുടെയും രണ്ട് കുട്ടികളുടെയും തലയിലായിരിക്കുകയാണ്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കരയ്ക്ക് സമീപം സനല്‍കുമാറിനെ ഓടുന്ന കാറിനു മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവില്‍ പോയ ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.