എന്നെ മാത്രം വിളിച്ചില്ല; സലാമയുടെ പരിഭവം തീര്‍ക്കാന്‍ ഒടുവില്‍ വീട്ടില്‍ വന്നുകയറിയത് ദുബായ് ഭരണാധികാരി

ദേശീയ ദിനത്തില്‍ തന്റെ സന്ദേശം ലഭിക്കാത്തതിൽ പൊട്ടിക്കരഞ്ഞ സലാമ അല്‍ കഹ്താനി എന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാന്‍ ദുബായ് ഭരണാധികാരി വീട്ടിലെത്തി. ദേശീയ ദിനത്തോടനുബന്ധിച്ച് ഭരണാധികാരിയുടെ ഫോണ്‍ കോള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുമ്പോള്‍ സലാമ അല്‍ കഹ്താനി ‘എന്നെ മാത്രം അദ്ദേഹം വിളിച്ചില്ലെന്ന്’ എന്ന് പറഞ്ഞ് വിതുമ്പുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സലാമയുടെ പരിഭവം തീര്‍ക്കാനാണ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടിലെത്തിയത്. വീട്ടിലെ ബെഞ്ചില്‍ അദ്ദേഹം സലാമയെ ചേര്‍ത്തുപിടിച്ചിരുന്നു. ഒരുമിച്ചിരുന്ന് അദ്ദേഹം അവളോട് സംസാരിച്ചു. രാജ്യത്ത് എല്ലാവരെയും താന്‍ വിളിച്ചെങ്കിലും നേരിട്ട് കാണാനെത്തിയത് സലാമയെ മാത്രമാണെന്ന് അവളോട് പറഞ്ഞു. എന്റെ മകളാണ് സലാമ… ഞാന്‍ നേരിട്ട് വന്നുകണ്ട് ആശംസ അറിയിച്ചെന്ന് ഇനി എല്ലാവരോടും നിനക്ക് പറയാമല്ലോയെന്നും ശൈഖ് മുഹമ്മദ് പറയുന്നു. കവിളില്‍ സ്നേഹ ചുംബനം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.