ഇതാണ് യഥാർത്ഥ സ്നേഹം; സൈബർ ലോകത്തെ കണ്ണീരിലാഴ്ത്തി ഏഴു വയസ്സുകാരന്റെ ആശംസാ സന്ദേശം

സമൂഹമാധ്യമങ്ങളെ കണ്ണീരണിയിച്ച് ഏഴ് വയസ്സുകാരൻ ജെസ് കോപ്ലാന്‍ണ്ട്. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലെ മകന്റെ ആശംസാ സന്ദേശമാണ് സൈബർ ലോകത്തെ കണ്ണീരിലാഴ്ത്തിയത്. പിതാവിന് അയക്കാമോ എന്ന ആവശ്യവുമായി ബ്രിട്ടീഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജെസ് കോപ്ലാന്‍ണ്ട് കത്തയച്ചത്. അച്ഛനുള്ള ഈ പിറന്നാൾ ആശംസ സ്വർഗത്തിലേക്ക് അയക്കാമോ,നന്ദി. ഇതായിരുന്നു ജെസിന്റെ കുറിപ്പ്. രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അമ്മ ടെറി കോപ്ലാന്‍ണ്ടാണ് കമ്പനിയ്ക്ക് അയച്ചത്.

ജെസ്സിന്റെ കൊറിയറിന് റോയല്‍ മെയിലിന്‍റെ അസിസ്റ്റന്‍റ് ഓഫീസ് മാനേജരായ സീന്‍ മില്ലിഗൻ ഒരു മറുപടിയും നൽകി. ജെസ് അയച്ച കത്ത് എത്തേണ്ട സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയൽ മെയിലിന്‍റെ ജോലിയെന്നും സീന്‍ മില്ലിഗന്റെ മറുപടിയിൽ വിശദമാക്കുന്നു.