ബി.ജെ.പിക്ക് തിരിച്ചടിയായി പാര്‍ട്ടി നേതാവിന്റെ രാജി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി പാര്‍ട്ടി നേതാവിന്റെ രാജി. ഉത്തര്‍പ്രദേശ് എംപിയും പാര്‍ട്ടി നേതാവുമായ സാവിത്രി ഭായ് ഫൂലെയാണ് പാര്‍ട്ടി വിട്ടത്. ബി.ജെ.പി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ആരോപിച്ചു. ഹനുമാന്‍ സ്വാമിയുടെ ജാതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്ക്കെതിരെ സാവിത്രിഭായ് രംഗത്തെത്തിയിരുന്നു.

ബിജെപി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബിജെപി ദളിതരോട് വിവേചനം കാണിക്കുന്നു എന്നും സാവിത്രി ആരോപിച്ചു. കൂടാതെ, പാര്‍ട്ടിയുടെ പല നയങ്ങളെയും അവര്‍ വിമര്‍ശിച്ചു. ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്ന് സാവിത്രി പറഞ്ഞു. ദളിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബിജെപി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നാണ് അവര്‍ പറഞ്ഞു.

യോഗി പറയുന്നത് പോലെ ഹനുമാന്‍ ദളിത് ആണെങ്കില്‍ ദളിതരെ ഹനുമാന്‍ ക്ഷേത്രങ്ങളിലെ പൂജാരിമാരാക്കണമെന്ന് സാവിത്രി ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ എപ്പോഴും ശ്രീരാമന്റെ കൂടെയുണ്ടായിരുന്നു. പിന്നെന്തിനാണ് രാമന്‍ ഒരു വാലും കറുത്ത മുഖവും അദ്ദേഹത്തിന് നല്‍കിയത്. മനുവാദി ജനങ്ങളുടെ അടിമയായിരുന്നു ഹനുമാനെന്നും സാവിത്രി പറഞ്ഞു. ബറേച്ചില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സാവിത്രി ഭായ്.

രാജ്യം ഇപ്പോൾ ദൈവത്തിന്‍റെ പേരില്‍ രാജ്യം മുന്നോട്ടുപോകില്ല, രാജ്യം മുന്നോട്ടു നീങ്ങുന്നത്‌ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ രാജ്യത്തെ ഭരണഘടന മതനിരപേക്ഷമാണ്. നമ്മുടെ ഭരണഘടന എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷ ഉറപ്പു നല്‍കുന്നു. ആരെയും വേദനിപ്പിക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് ഉന്നത പദവികള്‍ വഹിക്കുന്ന, ഉത്തരവാദിത്തമുള്ള ആളുകള്‍ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളിലും ശ്രദ്ധ വയ്ക്കണമെന്ന് അവര്‍ പറഞ്ഞു.