ദീപ നിശാന്തിനെതിരെ കൊച്ചി ദേവസ്വം ബോര്‍ഡ് നടപടിയെടുക്കാന്‍ സാധ്യത

കവിതാമോഷണ വിവാദത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളജിലെ മലയാളം അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചി ദേവസ്വം ബോര്‍ഡ് നടപടിയെടുക്കാൻ സാധ്യത. ഇതിനായി കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ചോദിച്ചിട്ടുണ്ട്.പ്രിന്‍സിപ്പലിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ബോര്‍ഡിന്റെ തുടര്‍നടപടികള്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളജിലെ അധ്യാപിക കവിതാമോഷണ വിവാദത്തില്‍ അകപ്പെട്ടതില്‍ ബോര്‍ഡിലെ പലര്‍ക്കും അതൃപ്തിയുണ്ട്.

കോളജിന്റെ അന്തസിന് കളങ്കം ചാര്‍ത്തുന്ന നടപടിയാണ് ദീപ നിശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇവര്‍ വാദിക്കുന്നു. ദീപ നിശാന്ത് മോഷ്ടിച്ച കവിത അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എയുടെ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.സി.ടി എ ദീപ നിശാന്തിന്റെ വിശദീകരണം തേടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കോളജ് പ്രിന്‍സിപ്പാളിനോട് അഭിപ്രായം വ്യക്തമാക്കുന്നതിന് ബോര്‍ഡ് ആവശ്യപ്പെട്ടത്.

നേരത്തെ താന്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. തനിക്ക് പറ്റിയത് വലിയ പിഴവാണെന്നും ദീപ നിശാന്ത് സമ്മതിച്ചിരുന്നു. കവിതാമോഷണത്തില്‍ കലേഷിനോട് മാത്രമല്ല പൊതുസമൂഹത്തോട് മുഴുവന്‍ മാപ്പ് പറയുന്നു. ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തനിക്ക് യോഗ്യതയില്ലാതായിയെന്നും ദീപ വ്യക്തമാക്കിയിരുന്നു.