മെസ്സി സമ്മാനിച്ച ജേഴ്സിയും ഫുട്ബോളും അനാഥമാക്കി അഫ്ഗാന്റെ ‘കുഞ്ഞു മെസ്സി’ നാടുവിട്ടു

രണ്ടു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 ജനുവരിയില്‍ പ്ലാസ്റ്റിക് കവറിൽ ചായമെഴുതിക്കൂട്ടിയ അർജന്റീന ജഴ്സിയിൽ മെസ്സി എന്ന് കൈകൊണ്ട് പേരെഴുതിയ മുർത്താസയുടെ ചിത്രം ലോകം മറന്നു കാണില്ല. സംഭവം അറിഞ്ഞ മെസ്സി മുർത്താസയെ നേരിൽ കാണുകയും ഖത്തറില്‍ ബാഴ്സലോണയുടെ സൗഹൃദ മത്സരത്തിനായി മെസ്സിയുടെ കൈപിടിച്ച് ഭാഗ്യതാരമായി മുര്‍ത്താസയും ഗ്രൗണ്ടിലെത്തിയതും ഫുട്ബോൾ ലോകം മറക്കില്ല. എന്നാൽ സാക്ഷാൽ മെസ്സി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും അനാഥമാക്കി അഫ്ഗാന്റെ കുഞ്ഞു മെസ്സിയായി ആരാധക ഹൃദയം കീഴടക്കിയ മുര്‍ത്താസ അഹമ്മദിയെന്ന ബാലന്‍ നാടുവിട്ടു. താലിബാന്‍ ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബവും പ്രദേശവാസികള്‍ക്കൊപ്പം ഗസ്നിലെ വീടുവിട്ടത്. കാബൂളിലെ പൊട്ടിപ്പൊളിഞ്ഞ ഒരു ഒറ്റമുറി വീട്ടില്‍ താലിബാനെ ഭയന്നുകഴിയുകയാണ് ഇപ്പോള്‍ മുര്‍ത്താസയുടെ കുടുംബമെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്ന്നു.

വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ മാതാവ് ഷഫീഖ പറഞ്ഞു. അവരുടെ കൈയില്‍ കിട്ടിയാല്‍ മുര്‍ത്താസയെ അവര്‍ തുണ്ടം തുണ്ടമാക്കും. തിരിച്ചറിയിപ്പെടാതാരിക്കാനായി മുര്‍ത്താസയുടെ മുഖം സ്കാര്‍ഫ് കൊണ്ട് മറച്ചാണ് രാത്രി വീടുവിട്ടിറങ്ങിയത്. ആദ്യം ബാമിയാനിലെ ഒരു പള്ളിയില്‍ അഭയം തേടിയ കുടുംബം പിന്നീട് കാബൂളിലെ പൊട്ടിപ്പൊളിഞ്ഞ മുറിയിലേക്ക് മാറുകയായിരുന്നു.

എന്നാല്‍ മുര്‍ത്താസക്ക് മെസ്സി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇവര്‍ക്ക് കൂടെകൊണ്ടുപോകാനായില്ല. മെസ്സി സ്നേഹത്തോടെ സമ്മാനിച്ച ജേഴ്സിയും ഫുട്ബോളും തനിക്ക് നഷ്ടമായെന്നും അവ എത്രയും വേഗം തിരികെ വേണമെന്നും മുര്‍ത്താസ പറഞ്ഞു.