ആരാധകർക്ക് ആശ്വസിക്കാം; ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ വിദേശ താരമെത്തുന്നു

അഞ്ചാം സീസണിലെ പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മോശം പ്രകടനത്തിലൂടെ കടന്നു പോകുന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആരാധക രോഷവും ഉയർന്നിരുന്നു. ജംഷഡ്പൂരുമായി കൊച്ചിയിൽ നടന്ന മത്സരത്തിൽ സ്റ്റേഡിയം ഒഴിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ മികച്ച പ്രകടനം കാഴ്ച്ച വെക്കാനായി ബ്ലാസ്റ്റേഴ്‌സ് പുതിയൊരു വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണാണെന്നാണ് റിപോർട്ടുകൾ. ഇതിനോടകം ഒരു യൂറോപ്യൻ താരവുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയതായാണ് വിവരങ്ങൾ. എന്നാൽ ഇത് ഏത് താരമാണെന്നോ താരത്തിന്റെ മറുപടിയോ ഇത് വരെ വ്യക്തമല്ല.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയസ് ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഹോസുവുമായാണോ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചർച്ച നടത്തിയത് എന്ന കാര്യം വ്യക്തമല്ല. എന്തായാലും ആരാധകർക്ക് ആശ്വസിക്കാനുള്ള വക നൽകുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ജനുവരിയോടെ പുതിയ വിദേശ താരമെത്തുമെന്നതാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.