ശബരിമലയിലേക്ക് യുവതികൾ എത്തിയാൽ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റും; ഭീഷണിയുമായി തീവ്രഹിന്ദുസംഘടന

ശബരിമലയിലേക്ക് യുവതികൾ എത്തിയാൽ മുസ്ലിം പള്ളികളികളിൽ ഹിന്ദു മക്കൾ കക്ഷിസംഘടനയിലെ യുവതികൾ പ്രവേശിക്കുമെന്ന് ഹിന്ദുമക്കൾ പ്രസിഡണ്ട് അർജുൻ സമ്പത്ത്.ഡിസംബര്‍ 16 ന് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടില്‍ എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സംഘടനയിലെ സ്ത്രീകളുടെ നേതൃത്വത്തിൽ തടയുമെന്നും അർജുൻ സമ്പത്ത് അറിയിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ തീവ്രഹിന്ദുസംഘടനകൾ ശ്രമിച്ചേക്കുമെന്ന് പൊലീസിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എരുമേലി വാവര് പള്ളിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വാവര് പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും പ്രാർത്ഥനാലയത്തിൽ കടന്ന് പ്രതിഷേധിക്കുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകി.