ഇന്ത്യയില്‍ വ്യാജ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്. രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍,​ സ്ഥലം എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഫേസ്ബുക്കിന്റെ നിര്‍ദ്ദേശം. ഇന്‍സ്റ്റാഗ്രാം മുതലായ മറ്റു സമൂഹമാധ്യമങ്ങളിലും ഈ നിര്‍ദ്ദേശം ബാധകമാണ്.

ഈ വര്‍ഷത്തിന്റെ ആദ്യം മുതല്‍ ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി തുടങ്ങിയിരുന്നു. ഇത് കൂടാതെ നല്‍കിയ പരസ്യത്തിന് ചിലവായ തുക,​ പരസ്യം എത്രപേര്‍ കണ്ടു എന്നതും അടങ്ങിയ വിവരങ്ങള്‍ ‘ഓണ്‍ലൈന്‍ സെര്‍ച്ചെബിള്‍ ആഡ് ലൈബ്രറി’യില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് ഫേസ്ബുക്ക് നടത്തുന്ന തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം പരസ്യം നല്‍കുന്നവരുടെ പ്രാദേശിക വിവരങ്ങള്‍ വിലയിരുത്തുന്നതിന് ഒരാഴ്ച്ചയെങ്കിലും എടുക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

വരുന്ന തിര‍ഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. നിലവില്‍ 200മില്യന്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ളത്. അതിനാല്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഫേസ്ബുക്കിന് കഴിയും. വരുന്ന തിര‍ഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. അമേരിക്ക,​ ബ്രസീല്‍,​ യു.കെ എന്നിവിടങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.