കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. 34 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും രാവിലെ ഒൻപതിന് യഥാക്രമം ജമ്പ്മാൻ , എ ഫാമിലി ടൂർ എന്നിവയോട് കൂടിയാണ് പ്രദര്‍ശനം തുടങ്ങിയത്.

റഷ്യന്‍ സംവിധായകന്‍ ദ്വോര്‍ദോവ്സ്‌കിയുടെതാണ് ജംപ്മാന്‍. യിങ് ലിയാംഗ് ആണ് എ ഫാമിലി ടൂര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അറ്റ് അകികോസ്, സ്‌ക്ര്യൂഡ്രൈവര്‍, ദ മാന്‍ ഹു ബോട്ട് ദ മൂണ്‍, വര്‍ക്കിങ് വുമണ്‍, സുലൈമാന്‍ മൗണ്ടൈന്‍, ദ ലോര്‍ഡ്, ഡൈ ടുമാറോ, പില്‍ഗ്രിമേജ് എന്നിവയാണ് രാവിലെ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് സ്‌പാനിഷ്‌ സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇറാന്‍ സംവിധായകനായ അസ്‌ഗർ ഫര്‍ഹാദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.