കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി:ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു .സന്നിദാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു .കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ കയറാൻ അനുമതിയില്ല . രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും സുരേന്ദ്രന്‍ നല്‍കണം. ഇതിന് പുറമേ പാസ്പോര്‍ട്ടും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെയായിരുന്നു റിമാന്‍ഡ് ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു.

സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.