കവിതാ മോഷണത്തില്‍ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്; പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ സ്ഥലത്തുനിന്നും നീക്കി

ആലപ്പുഴ: ആലപ്പുഴയില്‍ വെച്ച്‌ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയതില്‍ പ്രതിഷേധം. കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി.

കവിതാ മോഷണത്തില്‍ പിടിക്കപ്പെട്ട ഒരാളെ എങ്ങനെ വിധികര്‍ത്താവാക്കി എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിവാദം ഉണ്ടാകുന്നതിന് മുന്‍പാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി നിശ്ചയിച്ചത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറുപടി നല്‍കി. അതേസമയം എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകര്‍ അറിയിച്ചു. കവിത മോഷണത്തിന്റെ പേരില്‍ ദീപക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സാഹിത്യമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ഒരാളെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിന് വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടത് എന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. യുവ കവി എസ് കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ രംഗത്ത് വന്നതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. തുടക്കത്തില്‍ ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് ദീപ നിശാന്ത് കുറ്റസമ്മതം നടത്തുകയും കവിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.