‘ഇഡിയറ്റ്’ എന്ന് സെർച്ച് ചെയ്‌താൽ ഉത്തരമായി വരുന്നത് ട്രംപിന്റെ ചിത്രങ്ങൾ; വിശദീകരണവുമായി സുന്ദർ പിച്ചൈ

ഇഡിയറ്റ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഉത്തരമായി വരുന്നത് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. അമേരിക്കൻ കോൺഗ്രസിന് മുന്നിലാണ് പിച്ചൈ വിശദീകരണം നൽകിയത്.

സെർച്ചുകളിൽ ഇടപെടാറില്ലെന്നും ഇരുന്നുറോളം പരിഗണനകൾ കണക്കിലെടുത്ത് അൽഗോരിതങ്ങളാണ് റിസൾട്ടുകൾ നൽകുന്നതെന്നുമാണ് പിച്ചൈ നൽകിയ ഉത്തരം. വിവേചനപരമായ ഒരു ഇടപെടലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും ഒരു കാര്യം തിരയുമ്പോള്‍ വസ്തുതകള്‍ കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്കു അല്‍ഗൊരിതം എത്തുന്നതെന്നും മറ്റ് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന പ്രക്രിയയാണ് ഇതെന്നും പിച്ചൈ വ്യക്തമാക്കി. ഉത്തരത്തില്‍ കൃത്രിമത്വം നടത്താന്‍ ഒരു ജീവനക്കാരനോ മറ്റു വ്യക്തികള്‍ക്കോ സാധ്യമല്ലെന്നും പിച്ചൈ വിശദമാക്കി.