പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മിന്നുകെട്ട്; ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി. അടുത്ത ബന്ധുക്കളും സിനിമകായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച നടന്ന വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇരുവരും ട്വിറ്ററില്‍ പങ്കുവെച്ചു. പത്ത് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.

ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്. സഹതാരങ്ങളും സുഹൃത്തുക്കളുമായ കിടംബി ശ്രാകാന്ത്, എച്ച്‌ എസ് പ്രണോയ്, ഗുരുസായ് ദത്ത് തുടങ്ങിയ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ ഇരുവരുടെയും പ്രണയത്തെക്കുറിച്ച്‌ അറിയാമായിരുന്നുള്ളു.

ഇരുപത് പ്രധാന കിരീടങ്ങള്‍ ഉള്‍പ്പെടെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സൈന നെഹ്വാള്‍. ഒളിമ്ബിക്സില്‍ വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട് 28കാരിയായ സൈന. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് 32കാരനായ കശ്യപ്.