വനിതാ മതിലിൽ പങ്കെടുക്കില്ല; കാരണം വെളിപ്പെടുത്തി ഇടത് പക്ഷ സഹയാത്രിക നസീറ സൈനബ മാങ്കുളത്ത്

വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഇടത് പക്ഷ സഹ യാത്രികയും പൊതു പ്രവർത്തകയുമായ നസീറ സൈനബ മാങ്കുളത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നസീറ തന്റെ നിലപാട് അറിയിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ട് അത് ഇരു വിമോചനാത്മക മുന്നേറ്റമാണെന്നു കരുതുന്നില്ലെന്നും മാത്രമല്ല അത് നിലവിലുള്ള ജനാധിപത്യ മുന്നേറ്റങ്ങൾക്ക് തുരങ്കം വെക്കുന്നത് കൂടിയാണെന്നും നസീറ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള കാരണവും നസീറ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

 

ഞാൻ വനിതാ മതിലിൽ പങ്കെടുക്കില്ല.

കാരണം നിലവിലുള്ള സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ട് അത് ഇരു വിമോചനാത്മക മുന്നേറ്റമാണെന്നു കരുതുന്നില്ല. മാത്രമല്ല അത് നിലവിലുള്ള ജനാധിപത്യ മുന്നേറ്റങ്ങൾക്ക് തുരങ്കം വെക്കുന്നത് കൂടിയാണ് എന്നു കരുതുന്നു. അതിന്റെ കാരണങ്ങൾ.

1. വനിതാ മതിൽ എന്ന പേര്‌ മാത്രമേ ഉള്ളൂ. അതിന്റെ ശില്പികളും സംഘാടകരും പുരുഷന്മാരാണ്. (രാഷ്ട്രീയ മഹിളാ സംഘടനകളിലെ ആജ്ഞാനുവർത്തികളായ സ്ത്രീകളും തങ്ങൾ പോലും അറിയാതെ നവോഥാനപാരമ്പര്യം കിട്ടിയ ജാതി സംഘടനകളിലെ ആണാധികാരത്തിനു വിധേയരായ സ്ത്രീകളും ഇതിന്റെ ഭാഗമാണ്. എന്നാൽ അവരല്ല ഈ സംരംഭം നയിക്കുന്നത്. )
2. നവോത്ഥാന പാരമ്പര്യം ആരോപിച്ച് മതിലുണ്ടാക്കാൻ മുഖ്യമന്ത്രി കൊണ്ടുവന്ന മേശിരിമാർ കടുത്ത സ്ത്രീ വിരുദ്ധരും ആർത്തവം ആശുദ്ധമാണെന്നു കരുതുന്നവരും വർഗീയവാദികളുമാണ്.

3. നവോത്ഥാനത്തെ മുൻ നിർത്തി ഇപ്പോൾ ചർച്ചകൾ ഉയർന്നു വരാൻ തന്നെ കാരണം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ആണെന്നിരിക്കെ ഈ വിഷയവുമായി മതിലിന് ബന്ധമില്ല എന്ന പ്രഖ്യാപനം ചരിത്രനിരാസമാണ്. ഹിന്ദുത്വപ്രീണനമാണ് ഇതിനു പിന്നിലുള്ളത്.

4. ഇവിടുത്തെ ഹിന്ദു ജാതി സംഘടനകൾക്ക് മാത്രമേ നവോഥാന പാരമ്പര്യം ഉള്ളൂ എന്നുണ്ടോ. ഇതര മതവിഭാഗങ്ങൾക്കും ജനാധിപത്യ സംഘടനകൾക്കും പ്രാധാന്യം കൊടുക്കാത്ത നീതിരഹിതമായ ഇരു പരിപാടിയാണ് ഇത്.

5. ഹിന്ദു വർഗ്ഗീയ മനോഭാവമുള്ളവരുടെ നേതൃത്വത്തിലാണ് ഈ മതിൽ ഉയരുന്നത്.

6. ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട പി കെ ശശിയെ പ്പോലെ ഉള്ളവരെ ഒരു കോട്ടവും തട്ടാതെ സംരക്ഷിച്ച്‌കൊണ്ട് ഇടതുപക്ഷ സർക്കാർ നടത്തുന്ന വനിതാമതിൽ ആത്മാർഥമായ ഒന്നല്ല. സ്ത്രീ കൾക്ക് തുല്യ നീതിയും മാന്യതയും നൽകാൻ ആണ് മതിൽ ആഹ്വാനം ചെയ്യുന്നതെങ്കിൽ ആദ്യം സ്ത്രീ പീഡനക്കേസിൽ പെട്ടയാളെ പുറത്താക്കണം

7. പോലീസ് സംവിധാനം ജനാധിപത്യവൽക്കരിക്കപ്പെടാതിടത്തോളം കാലം ലിംഗപരമായ തുല്യനീതി പ്രായോഗികമല്ല. ശബരിമലയിൽ നിന്ന് ആൺവേഷത്തിൽ വരാൻ പറഞ്ഞു പോലീസ് അപമാനിച്ചു
വിട്ട ട്രാൻസ് ജെണ്ടറുകൾക്ക് കൊടുക്കാൻ കഴിയാത്ത എന്തു നീതിയാണ് നിങ്ങൾ പെണ്ണുങ്ങൾക്ക്‌ കൊടുക്കാൻ പോകുന്നത്.

ആളുകളുടെ കണ്ണിൽ പൊടിയിടാനും ഹിന്ദുത്വയെ പ്രീണിപ്പിക്കാനും വേണ്ടി നടത്തുന്ന വനിതാ മതിൽ ഞാൻ ബഹിഷ്കരിക്കുന്നു.

https://m.facebook.com/story.php?story_fbid=1979244822190015&id=100003135489310