പി.കെ. ശശിക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് വിഎസ്; കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു

തിരുവനന്തപുരം; ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.

പൊതുപരിപാടികളുടെ നേതൃത്വം ശശിക്ക് നല്‍കിയതിനേയും വിഎസ് വിമര്‍ശിച്ചു. സ്ത്രീപക്ഷത്ത് . ഇത് രണ്ടാം തവണയാണ് ശശിയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയക്കുന്നത്. സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണം. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരേ ഉണ്ടാകേണ്ടതെന്നും വിഎസ് കത്തില്‍ പറയുന്നു.

പീഡനപരാതിയില്‍ അന്വേഷണം നിലനില്‍ക്കുമ്ബോള്‍ പൊതുപരിപാടികളില്‍ ശശിയെ പങ്കെടുപ്പിക്കുകയും ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരായ പ്രതിഷേധവും വിഎസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിവൈഎഫ്‌ഐ നേതാവാണ് ശശിക്കെതിരേ രംഗത്തെത്തിയത്. ഇന്ന് നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ വിഎസ് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്.