സിപിഐ-സിപിഎം തമ്മിൽ തര്‍ക്കം; ഒടുവിൽ നഗരസഭചെയര്‍പേഴ്സണ്‍ രാജിവെച്ചു

സിപിഐ-സിപിഎം തമ്മിലുള്ള തര്‍ക്കങ്ങൾ ക്കൊടുവിൽ ഗുരുവായൂര്‍ നഗരസഭചെയര്‍പേഴ്സണ്‍ പ്രഫ പി കെ ശാന്തകുമാരി രാജിവെച്ചു.

മുന്നണിയുടെയും നഗരസഭയുടെയും പരിപാടികള്‍ ബഹിഷ്‌കരിച്ചുകൊണ്ടുള്ള സിപിഐയുടെ ശീതസമരം തുടരുന്നതിനിടെയാണ് രാജി. ഇടതുമുന്നണിയിലെ ധാരണ പ്രകാരം കഴിഞ്ഞ മാസം 18ന് പി കെ ശാന്തകുമാരിയുടെ ചെയര്‍പേഴ്സണ്‍ കാലാവധി പൂര്‍ത്തിയായിരുന്നു.എന്നാല്‍, ചില വികസനപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതിന്‍റെ ഉദ്ഘാടനം നടത്തി ജനുവരി മൂന്ന് വരെ തുടരാനായിരുന്നു സിപിഎം തീരുമാനം. ശാന്തകുമാരിക്ക് നല്‍കിയ കാലാവധി പൂര്‍ത്തിയായിട്ടും രാജിവയ്പ്പിക്കാത്ത സിപിഎം നിലപാടിനെതിരെ ഇതോടെ എല്‍ഡിഎഫില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ധാരണ പ്രകാരം നാലാം വര്‍ഷം സിപിഐക്കും അഞ്ചാം വര്‍ഷം സിപിഎമ്മിനുമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം.

സിപിഐക്ക് ഊഴം നല്‍കാതെ നീട്ടികൊണ്ടുപോകാന്‍ തീരുമാനിച്ചതോടെ ഇതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഏതാനും പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്ക് ശേഷം ചെയര്‍പേഴ്‌സണ്‍ രാജിവച്ചാല്‍ മതിയെന്ന സിപിഎം നിലപാടിനോട് സിപിഐ പരസ്യമായി വിയോജിച്ചു. പ്രശ്നം രൂക്ഷമായതോടെ ചെയര്‍പേഴ്സണ്‍ രാജി വെയ്ക്കുകയായിരുന്നു. ശാന്തകുമാരി രാജിവച്ചതോടെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് സിപിഐ അംഗങ്ങള്‍. സിപിഐയിലെ വി എസ് രേവതിയാകും എല്‍ഡിഎഫിന്റെ അടുത്ത ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.