തൊഴിലാളികള്‍ക്കെതിരായ കമല്‍ നാഥിന്‍റെ പരാമര്‍ശം; പ്രതിഷേധവുമായി ബിജെപി

ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരായ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്ത്. യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തില്‍, 70 ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയോഗിക്കുന്ന കമ്ബനികള്‍ക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കുമെന്നും കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു.

യു പി, ബീഹാർ സ്വദേശികൾ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണിടുന്നവരാണെന്നും കമൽ നാഥ് പരാമർശിച്ചിരുന്നു. ഇതിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തികഞ്ഞ അമർഷം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സങ്കുചിത പ്രസ്താവനകൾ അനാവശ്യമാണെന്നും, മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേരുന്നതല്ലെന്നും അഖിലേഷ് പറഞ്ഞു.

കമല്‍ നാഥിന്‍റെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പിയിലും പ്രതിഷേധങ്ങള്‍ ഉയർന്നു. പ്രാദേശിക വാദത്തിന്‍റെ കാളകൂട വിഷമാണ് കമല്‍ നാഥ് ചീറ്റുന്നതെന്ന് ബീഹാര്‍ ബി ജെ പി അധ്യക്ഷന്‍ നിത്യാനന്ദ റായി വിമര്‍ശിച്ചു. കമല്‍ നാഥ് പോലും മധ്യപ്രദേശില്‍ വരത്തനാണെന്നും, സ്വദേശിവാദം ആദ്യം നടപ്പിലാക്കേണ്ടത് രാഷ്ട്രീയത്തിലാവുമെന്നും, മധ്യപ്രദേശിലെ ബി ജെ പി നേതാവ് കൈലാഷ് വിജയ് വര്‍ഗ്ഗിയ പറഞ്ഞു. കാണ്‍പൂരില്‍ ജനിച്ച്‌ പശ്ചിമബംഗാളില്‍ പഠിച്ചു വളര്‍ന്ന കമല്‍നാഥിന് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാമെങ്കില്‍ യു പി, ബീഹാര്‍ സ്വദേശികള്‍ക്കിവിടെ ജോലിയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയിലെ ബി ജെ പി ഘടകം ഈ വിഷയത്തില്‍ കമല്‍നാഥിന്‍റെ ദില്ലിയിലെ വസതിക്കുമുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ പേരെഴുതിയ ബോര്‍ഡില്‍ കരിവാരിത്തേച്ച് പ്രതിഷേധിക്കുകയും ചെയ്തു.