പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ എം എല്‍ എക്ക് ജീവപര്യന്തം

പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വം നഷ്ടമാകും. 2016ല്‍ നടന്ന പീഡന കേസിലാണ് പാട്നയിലെ പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജീവപര്യന്തത്തോടൊപ്പം 50,000രൂപ പിഴയും രാജ് ബല്ലഭിന് വിധിച്ചിട്ടുണ്ട്.

ബിഹാറിലെ പ്രതിപക്ഷ കക്ഷിയായ ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി)ന്റെ നവാഡയില്‍ നിന്നുള്ള സാമാജികനാണ് രാജ് ബല്ലഭ്. പട്‌നയിലെ കോടതി ഈ കേസില്‍ പ്രതികളായ രാജ് ബല്ലഭിനേയും മറ്റു അഞ്ചു പേരേയും ഡിസംബര്‍ 15ന് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് (ബലാല്‍സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്‌സോ) എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷി വിധിച്ചത്.

ഇതില്‍ പീഡനത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പേര്‍ക്ക് 20,000 രൂപ പിഴയും ജിവപര്യന്തവും മറ്റുള്ളവര്‍ക്ക് 10,000 രൂപ പിഴയും തടവുമാണ് വിധിച്ചിട്ടുള്ളത്. 2016 ഫെബ്രുവരി ആറിന് കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ബന്ധുകൂടിയായ സുലേഖ കള്ളം പറഞ്ഞ് എം എല്‍ എയുടെ വസതിയില്‍ കുട്ടിയെ എത്തിച്ചു. ഇവിടെ വെച്ച്‌ കുട്ടിയെ രാജ് ബല്ലഭും മറ്റ് രണ്ട് പേരും ചേര്‍ന്ന് ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേ സമയം സംഭവം പുറത്ത് പറയാതിരിക്കാന്‍ തങ്ങളെ ഭീഷണിപ്പെടുത്തിരുന്നതായി ഇവരുടെ പരാതിയില്‍ പറയുന്നു. 2016 ഫെബ്രുവരി 14ന് രാജ് ബല്ലഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നിയമസഭയിലെ അം​ഗത്വ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കേസിനെ തുടര്‍ന്ന് രാജ് ബല്ലഭ് കുറെ കാലം ഒളിവില്‍ പോകുകുയം ചെയ്തിരുന്നു. കീഴടങ്ങാത്തതിനെ തുടര്‍ന്ന് എംഎല്‍എയുടെ സ്വത്തു വഹകള്‍ കണ്ടുകെട്ടണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജ് ബല്ലഭ് കോടതിയിലെത്തി കീഴടങ്ങിയത്. പട്‌ന ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇത് 2016 നവംബര്‍ 24ന് തന്നെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.