ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ഗുവാഹത്തി : രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്‌ഘാടനം നടക്കുന്നത്. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്. വടക്കുകിഴക്കന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മിക്കുന്നതെങ്കിലും ചൈനീസ്‌ അതിര്‍ത്തിയിലെ സൈനികനീക്കം വേഗത്തിലാക്കുകയെന്ന ഉദ്ദേശമാണ് ഇതിനു പിന്നില്‍ .

അരുണാചല്‍പ്രദേശില്‍ നിന്ന് അസമിലേക്കുള്ള യാത്രയുടെ ദൈർഘ്യം കുറയ്ക്കുവാൻ ഈ മേല്‍പ്പാലം ഉപകരിക്കും . നിലവില്‍ അസമില്‍ നിന്നും യാത്ര ചെയ്യാൻ 500 കിലോമീറ്റര്‍ ദൂരമാണുള്ളത് . പാലം ഉദ്‌ഘാടനം ചെയ്യുന്നതോടെ 100 കിലോമീറ്റര്‍ ദൂരമായി കുറയുമെന്ന് അധികൃതര്‍ പറയുന്നു .നദിക്ക് കുറുകെ 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത് . 1997 ജനുവരിയില്‍ എച് ഡി ദേവഗൌഡ പാലത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വാജ്പേയിടെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത് .രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചത് ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ്.

താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ധേമാജിയില്‍ നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ല്‍നിന്ന് 100 കിലോമീറ്ററായി കുറയും. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.