”16ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയില്‍ 17ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിക്കുന്നത് ചരിത്രപരമായ അബദ്ധം”;മോഹൻലാലിൻറെ ‘കുഞ്ഞാലി മരക്കാർ’ പോസ്റ്ററിനെ തേച്ചൊട്ടിച്ച പോസ്റ്റ് വൈറലാവുന്നു

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തിലുള്ള ചിത്രം പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. പടച്ചട്ടയണിഞ്ഞ് ദുരദര്‍ശനിയിലൂടെ നോക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് അവയില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുകയാണ് ടി.എം ജേക്കബ് മെമോറിയല്‍ ഗവര്‍ണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ ഷാജി.

എഫ്ബി പോസ്റ്റ് വായിക്കാം :

കുഞ്ഞാലി മരക്കാർ ഒരു ദൂരദർശിനിയിലൂടെ നോക്കുന്ന ചിത്രം ചിലർ ഷെയർ ചെയ്തു കണ്ടു. ഇതു് ചരിത്രത്തോട് നീതി പുലർത്തുന്നതാകണമെങ്കിൽ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം. എന്റെ ധാരണയനുസരിച്ച് ഈ കഥ നടക്കുന്നതു് 16-ാം നൂറ്റാണ്ടിലാണ്. പക്ഷേ ആദ്യ ടെലിസ്കോപ്പുകൾ ഉണ്ടാകുന്നത് 17-ാം നൂറ്റാണ്ടിലാണ്. ഗലീലിയോ ഗലീലിയുടെ നിരീക്ഷണങ്ങൾ ആരംഭിക്കുന്നതു് 1609 ലാണ്. മറ്റു ചിലർ ഒരു ദുരദർശിനി ഉണ്ടാക്കിയെന്നറിഞ്ഞ്, അതിന്റെ തത്വങ്ങൾ മനസ്സിലാക്കി, മെച്ചപ്പെട്ടവ ഉണ്ടാക്കി അവ വാനനിരീക്ഷണത്തിനു വേണ്ടി സമർത്ഥമായി ഉപയോഗിക്കുകയാണ് ഗലീലിയോ ചെയ്തത്. അതിനു മുമ്പേ 1608-ൽ ഹാൻസ് ലിപ്പർഷേ എന്ന ജർമൻ – ഡച്ചു കണ്ണട നിർമാതാവ് ടെലിസ്കോച്ചിന്റെ ആദ്യ പേറ്റന്റിനു ശ്രമിച്ചിരുന്നു. മറ്റു ചിലരും അതു കണ്ടെത്തിയതായി വാദമുന്നയിച്ചതിനാൽ പേറ്റന്റ് ലഭിച്ചില്ല. ഡച്ചുകാരനായ സക്കറിയാസ് ജാൻസെന്നും ഇതു കണ്ടെത്തിയതായി അവകാശവാദമുണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. പിന്നീടാണ് നമ്മുടെ രാജാവ് ജയ്സിംഗ് ജന്തർ മന്ദർ ഒക്കെ സ്ഥാപിക്കുന്നത്. പക്ഷേ, ഒരു ടെലിസ്കോപ്പ് വാങ്ങാനൊന്നും മൂപ്പർക്ക് തോന്നിയില്ല.

ഇന്ത്യയിൽ ആദ്യം ടെലിസ്കോപ്പ് ഉപയോഗിച്ചത് 1651-ലെ ബുധസംതരണം നിരീക്ഷിക്കാനായി സൂറത്തിൽ എത്തിയ ഇംഗ്ലീഷുകാരനായ ഷാക്കർലി ആണെന്നായിരുന്നു ഇതുവരെ എന്റെ അറിവ്.

എന്നാൽ ഇതിനു മുമ്പേ നമ്മുടെ കുഞ്ഞാലി മരക്കാർ അതുപയോഗിച്ചിട്ടുണ്ടെങ്കിൽ അതു വലിയ ചരിത്രസംഭവം തന്നെ, സംശയമില്ല.