മൻമോഹൻ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം പരിശോധിച്ചിരുന്നത് 9000 മൊബൈല്‍ ഫോണുകള്‍ വരെ; വിവരം പുറത്തറിഞ്ഞത് വിവരാവകാശ രേഖകൾ വഴി

ന്യൂഡല്‍ഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറിൽ നിന്നും ഡേറ്റ പിടിച്ചെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന നിയമം നടപ്പിലാക്കുന്നുവെന്ന വാര്‍ത്ത വരുന്നതിന് പിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതല്‍ 9000 ഫോണുകളും 300 മുതല്‍ 500 വരെ ഇമെയില്‍ അക്കൗണ്ടുകളും പരിശോധിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നു . പ്രസേന്‍ജിത് മൊണ്ടെല്‍ എന്നയാളുടെ വിവാരവകാശ അപേക്ഷയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 2013 ഓഗസ്റ്റ് ആറിന് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ക്ക് ഫോണുകളും മെയിലുകളും നിയമപരമായി നിരീക്ഷിക്കാന്‍ ഇക്കാലത്ത് അനുമതിയുണ്ടായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സി.ബി.ഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവയ്ക്കായിരുന്നു അനുമതി. രാജ്യത്തെ എതു കമ്പ്യൂട്ടറും ആവശ്യമെങ്കില്‍ നീരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്കു കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി തുടങ്ങി 10 ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷിക്കാന്‍ അനുമതി. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്. ഐടി ആക്‌ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കിയത്. കംപ്യൂട്ടറുകളില്‍നിന്നുള്ള വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്.