വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ വീട്ടുകാര്‍ ചുട്ടുകൊന്നു

ഹൈദരാബാദ്: അന്യ ജാതിക്കാരനെ സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. പി അനുരാധ എന്ന 20 വയസ്സുകാരിക്കാണ് ബന്ധുക്കളുടെ ക്രൂരകൃത്യത്തില്‍ ജീവന്‍ നഷ്ടമായത്. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കലമഡുഗു എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതേ ഗ്രാമത്തിലുള്ള അയ്യൊരു ലക്ഷിരാജം (26) എന്ന ലക്ഷമണിനെയാണ് അനുരാധ പ്രണയിച്ച വിവാഹം ചെയ്തത്. ഇയാള്‍ മറ്റൊരു ജാതിക്കാരനായിരുന്നു.

നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. അനുരാധയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ അപമാനക്കേസ് പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ നല്‍കി. ഈ മാസം ഇരുവരും ഹൈദരാബാദില്‍ പോവുകയും ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. ശനിയാഴ്ചയാണ് അവര്‍ തിരികെ നാട്ടിലെത്തിയത്. ലക്ഷ്മണിനെതിരെയുള്ള കേസ് പിന്‍വലിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

എന്നാല്‍ ഇവിടെയെത്തിയ അനുരാധയുടെ ബന്ധുക്കള്‍ ലക്ഷമണിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനുരാധയെ ബലം പ്രയോഗിച്ച വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെയെത്തിയ ശേഷം അനുരാധയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കത്തിക്കുകയും ചാരവും എല്ലും അടുത്തുള്ള അരുവിയില്‍ ഒഴുക്കി. ലക്ഷമണിന്‍റെ പരാതിയില്‍ പൊലീസ് അനുരാധയുടെ മാതാപിതാക്കളേയും സംഭവത്തില്‍ ഉള്‍പ്പെട്ട ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല അടുത്തുള്ള അരുവിയില്‍ നിന്നും അനുരാധയുടെ എല്ലുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.