പുതുവത്സര ആഘോഷം മുന്‍നിര്‍ത്തി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന

തിരുവനന്തപുരം: തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും കര്‍ശന പരിശോധന നടക്കും . പുതുവത്സര ആഘോഷം മുന്‍നിര്‍ത്തിയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ആര്‍.പി.എഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ക്രിസ്മസ് പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി നടത്തുന്നത്.

ആര്‍.പി.എഫ്, കേരള പൊലീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. മാത്രമല്ല, അതിര്‍ത്തി ജില്ലയായ കാസർഗോഡ് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം. വര്‍ഷാവസാനം വരെ പരിശോധന തുടരുന്നതാണ്.തീവണ്ടിക്കകത്തും പ്ലാറ്റ്‌ഫോമുകളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് കാര്യമായി പരിശോധന നടത്തുന്നത്.