ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഹകരണത്തിനൊരുങ്ങി സിപിഎം

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഹകരണത്തിനൊരുങ്ങി സിപിഎം. അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം സഹകരണം ഉണ്ടാകുമെന്നാണ് സൂചന. ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക. സിപിഎമ്മിൻറെയും ഇടതുപക്ഷത്തിൻറെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക. ഈ മൂന്ന് നിർദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. പശ്ചിമബംഗാളിൽ കോൺഗ്രസുമായി അടവുനയത്തിനും പാർട്ടി ശ്രമിക്കും.

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാർട്ടി കോൺഗ്രസ് നയം. എന്നാൽ ഫലത്തിൽ പ്രാദേശിക സഖ്യങ്ങൾ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിൽ സിപിഎം മത്സരിക്കും. മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബീഹാറിൽ ആർജിഡി കോൺഗ്രസ് വിശാല സഖ്യത്തിൻറെ ഭാഗമാകും. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്ക്കും.