മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്‌കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നു രാവിലെ 10.30 യോടെ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ സ്വകാര്യവസതിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 1983 ല്‍ രാജ്യം പദ്മ ഭൂഷണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിര്‍മ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിര്‍മ്മിച്ച നീല്‍ ആകാഷേര്‍ നീചെ (നീലാകാശത്തിന്‍ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു.മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവണ്‍ (വിവാഹനാള്‍) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാള്‍ സെന്നിനെ ഉയര്‍ത്തി.

സംസ്ഥാനദേശീയപുരസ്‌കാരങ്ങള്‍ക്കു പുറമെ ദേശാന്തര അംഗീകാരം ആവര്‍ത്തിച്ച്‌ നേടിയ കലാകാരനാണ് മൃണാള്‍ സെന്‍. കാന്‍, ബെര്‍ലിന്‍,വെനീസ്, മോസ്‌കോ, കാര്‍ലോവി വാറി, മോണ്‍ട്രീല്‍, ഷിക്കാഗോ, കയ്‌റോ ചലച്ചിത്രോത്സവങ്ങളില്‍ സെന്‍ ചിത്രങ്ങള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.