ജോലി ഒഴിവുകളിൽ ബ്രാഹ്മണര്‍ക്ക് മാത്രം അവസരം ; വിമര്‍ശനത്തെ തുടർന്ന് ക്ഷമാപണവുമായി സ്ഥാപനം

ചെന്നൈ: ജോലി ഒഴിവുകളില്‍ ബ്രാഹ്മണര്‍ക്ക് മാത്രം അവസരമെന്ന് കാണിച്ച്‌ നല്‍കിയ പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി സ്വകാര്യ കമ്പനി . ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായ അക്കോര്‍ ആണ് അഡയാര്‍ ടോക്ക് എന്ന് പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയത്. ജനറല്‍ മാനേജര്‍, സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍ എന്നീ തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്.

പരസ്യത്തില്‍ ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പ്രത്യേകം കാണിച്ചിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വ്യാപകമായ വിമര്‍ശങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തു . ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്തെത്തിയത്. സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചെതെന്നും എന്നാല്‍ പത്രം ബ്രാഹ്മണര്‍ എന്നാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് കമ്പനി ഫേയ്‌സ് ബുക്കിലൂടെ നടത്തിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

വിശദീകരണത്തിന് ശേഷവും പ്രതിഷേധം ശക്തമായതോടെയാണ് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തിയത്. ഇത് മനുഷ്യന് പറ്റിയ തെറ്റാണ്. ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള അന്താരാഷ്ട്ര കമ്ബനിയാണെന്നും പരസ്യത്തില്‍വന്ന തെറ്റിന്റെ പേരില്‍ എച്.ആര്‍ വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്ബനി വ്യക്തമാക്കി.

എന്നാല്‍ കമ്പനിയുടെ ക്ഷമാപണത്തിനെതിരേയും പ്രതിഷേധം ശക്തമാണ്. സസ്യാഹാരം, മാസാഹാരം എന്നിങ്ങനെ നിങ്ങള്‍ വേര്‍തിരിക്കുകയാണ്. ഇന്ത്യയിലെ 70 ശതമാനം ആളുകളും മാസാഹാരികളാണ്. തീര്‍ച്ചയായും നിങ്ങള്‍ ജാതീയതയാണ് ഉയര്‍ത്തിക്കാട്ടിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.