വിവാഹ സമ്മാനങ്ങൾക്ക് പകരം മോദിക്ക് വോട്ട് അഭ്യർത്ഥിച്ചു ; വൈറലായി വിവാഹ ക്ഷണക്കത്ത്

സൂറത്ത്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മോദി ആരാധകനാണ് മകന്റെ ക്ഷണക്കത്തിലൂടെ തന്‍റെ നേതാവിന് വേണ്ടി വോട്ട് തേടിയത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ സമ്മാനങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നല്‍കാനാണ് അഭ്യര്‍ത്ഥിക്കുന്നത്.

ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികൂലിച്ച്‌ കൊണ്ട് രംഗത്തെത്തി. മോദിയെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് മിക്ക ആളുകളുടെയും പ്രതികരണം. ഇത്തരത്തില്‍ മുൻപും വിവാഹ ക്ഷണക്കത്ത് വഴി മോദിയെ പ്രകീര്‍ത്തിച്ച്‌ കൊണ്ട് പലരും രംഗത്തെത്തിരുന്നു. മാംഗ്ലൂര്‍ സ്വദേശിയായ അരുണ്‍ പ്രസാദ് എന്നയാള്‍ നേരത്തെ മോദിക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കണമെന്ന് ക്ഷണക്കത്തില്‍ അച്ചടിച്ചിരുന്നു.