സന്നിധാനത്ത് പോകാന്‍ അനുമതിയില്ല: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം

നിലയ്ക്കല്‍: ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി സന്നിധാനത്തേയ്‌ക്ക് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ ഹൈദരാബാദിലെ ടി.വി 9 ചാനലിന്റെ വനിതാ മാദ്ധ്യമപ്രവര്‍ത്തക ദീപ്‌തി വാജ്പേയി പ്ലക്കാര്‍ഡുമായി നിലയ്‌ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്ബില്‍ പ്രതിഷേധം നടത്തുന്നു. കഴിഞ്ഞ രണ്ടാംതീയതി ശബരിമല സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ദീപ്തിയും ക്യാമറമാനും പലതവണ സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാര്‍ത്ത തയ്യാറാക്കാന്‍ വേണ്ടിയാണ് താന്‍ പമ്ബയിലെത്തിയതെന്ന് ദീപ്‌തി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സന്നിധാനത്തേക്കില്ലെന്നും പമ്ബയില്‍ നിന്നും തിരിച്ചുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ തടഞ്ഞത്. പമ്ബവരെ എത്തി റിപ്പോര്‍ട്ട് ചെയ്ത് ഇവര്‍ കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് തങ്ങളെ സന്നിധാനത്തേക്ക് വിടണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചപ്പോഴും അനുമതി നിഷേധിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

എന്നാല്‍, സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗ് നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്‌തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്‌തി മടങ്ങാനൊരുങ്ങുകയാണ്. സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്‌തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.