ബം​ഗാളില്‍ നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നുണ്ടെങ്കില്‍ അത് മമതാ ബാനര്‍ജിയായിരിക്കും ; ബിജെപിയെ വെട്ടിലാക്കി സംസ്ഥാന അധ്യക്ഷന്‍

കൊല്‍ക്കത്ത : ബം​ഗാളില്‍നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെങ്കില്‍, അത് മമതാ ബാനര്‍ജിയായിരിക്കുമെന്ന് പഞ്ചിമ ബം​ഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബം​ഗാളില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ ത്രിണമൂണ്‍ കോണ്‍​ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയ്ക്ക് അവസരമുണ്ടെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു.

ബംഗാളില്‍ നിന്ന് ബിജെപി നേതാക്കള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയാവാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഘോഷ്. തീര്‍ച്ചയായും മമതയ്ക്ക് ശേഷമായിരിക്കും ബംഗാളിന് മറ്റൊരു പ്രധാനമന്ത്രിയെ ലഭിക്കുക. ജ്യോതി ബസുവിനെ നമുക്ക് പ്രധാനമന്ത്രിയായി ലഭിച്ചില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി അതിന് അനുവദിച്ചില്ല. ഇത് ബംഗാളിയായ പ്രധാനമന്ത്രിയെ ലഭിക്കാനുള്ള സുവര്‍ണാവസരമാണിതെന്ന് ഘോഷ് പറഞ്ഞു.

മമതക്ക് ശേഷം ബംഗാളില്‍ നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാകാം. എന്നാല്‍ മമതയ്ക്ക് തന്നെയായിരിക്കും ഒന്നാമത്. ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരന്‍. പക്ഷേ സി പി എം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. പ്രണബ് മുഖര്‍ജി ആദ്യത്തെ ബംഗാളിനിന്നുള്ള രാഷ്ട്രപതിയായി. ഇപ്പോള്‍ ബംഗാളില്‍നിന്നും പ്രധാനമന്ത്രിയ്ക്കുള്ള സമയമായിരിക്കുന്നുവെന്നും ഘോഷ് പറഞ്ഞു.