തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണം; പിണറായി വിജയൻ ആദര്‍ശ ധീരനായ നേതാവെന്നും തമി‍ഴ് സിനിമാ താരം

കൊച്ചി: കേരളത്തിലേതുപോലെ തമി‍ഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് തമി‍ഴ് സിനിമാ താരം സത്യ രാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശ ധീരനാണ് എന്നാണ് സത്യരാജ് കൊച്ചിയില്‍ സിനിമാ പ്രമോഷനിടെ സംസാരിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചത്. നല്ല കണ്ണിനെ പോലുളള ആദര്‍ശധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ടെന്നും നടന്‍ പറഞ്ഞു. അത്തരത്തില്‍ ജനസേവനം ലക്ഷ്യമിടുന്ന, അധികാരമോഹമില്ലാത്ത നേതാക്കളെയാണ് നാടിന് ആവശ്യമെന്നു സത്യരാജ് കൂട്ടിച്ചേര്‍ത്തു.

നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേയും സത്യരാജ് കുറ്റപ്പെടുത്തി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തുന്നവരുടെ ലക്ഷ്യം ജനസേവനമല്ല. മറിച്ച്‌ മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുളളത്. ഇനി അത് നടക്കില്ലെന്നും നടന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ 41 വര്‍ഷമായി സിനിമാ രംഗത്തുണ്ടായിരുന്നിട്ടും ഇതുവരെ തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു.