പൂച്ചക്കുട്ടികളെ ട്രൗസറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

സിംഗപ്പൂര്‍: പൂച്ചക്കുട്ടികളെ ട്രൗസറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചയാളെ സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. നാല് പൂച്ചകുട്ടികളെയാണ് ഒളിപ്പിച്ച നിലയില്‍ 45ക്കാരന്റെ ട്രൗസറിനുള്ളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലേഷ്യയില്‍നിന്ന് അതിര്‍ത്തി കടന്ന് സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ അധിക‍ൃതര്‍ പിടികൂടുന്നത്.
സിംഗപ്പൂര്‍-മലേഷ്യന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിന് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിക്കുന്നതിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനിടയിലാണ് കാറില്‍നിന്ന് പൂച്ചകുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ യുവാക്കളില്‍ ഒരാളുടെ ട്രൗസറില്‍നിന്നാണ് പൂച്ചകുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്തിനാണ് പൂച്ചകുട്ടികളെ കടത്തി സിംഗപ്പൂരിലേക്ക് കൊണ്ടുവന്നതെന്ന് വ്യക്തമല്ലെന്നും അവയെ വളര്‍ത്തുമൃഗമെന്ന രീതിയില്‍ രാജ്യത്ത് വില്‍ക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.