പണിമുടക്ക് അക്രമത്തിലേക്ക് ; സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌.ബി.ഐയുടെ ബ്രാഞ്ച് തല്ലിത്തകര്‍ത്ത് പണിമുടക്ക് അനുകൂലികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസവും പണിമുടക്ക് തുടരുന്ന സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ഇന്ന് അക്രമണത്തിന് വഴിമാറി. എസ്‌.ബി.ഐയുടെ ബ്രാഞ്ച് തല്ലി തകർത്ത് പണിമുടക്ക് അനുകൂലികള്‍ രംഗത്തെത്തി. ഇന്ന് രാവിലെയോടെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ബ്രാഞ്ചിലേക്ക് സമര അനുകൂലികള്‍ കയറുകയും അടക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് മാനേജറുടെ മുറി ആക്രമിച്ചു. ചില്ലുകള്‍ തല്ലിതകർക്കുകയും കംപ്യൂട്ടറുകളും ഫോണും ക്യാബിനും അടിച്ചു തകര്‍ത്തു . സമരക്കാരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. സമരപന്തലിന് തൊട്ടടുത്താണ് ഈ സംഭവം ഉണ്ടായത്.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്ത് നിന്ന് 5 മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്‌പ്രസ്, 7.15 ന് പുറപ്പെടേണ്ട ശബരി എക്സ്‌പ്രസ് എന്നിവയാണ് തടഞ്ഞത്. ഇതേ തുടര്‍ന്ന് വേണാട് എക്സ്‌പ്രസ്, ശബരിഎക്സ്‌പ്രസ്, കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍, കോട്ടയം- നിലമ്പൂർ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്‌പ്രസ്, പാലരുവി എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്നത്.