അവളെന്റെ ഹൃദയം മോഷ്ടിച്ചു; അത് കണ്ടെത്തി തരണം; വിചിത്രമായ മോഷണ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

നാഗ്പുര്‍: തന്‍റെ ഹൃദയം മോഷ്ടിക്കപ്പെട്ടുവെന്നും അത് കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് യുവാവ്‌ പൊലീസ് സ്റ്റേഷനില്‍. തികച്ചും വിചിത്രമായ മോഷണ പരാതിയില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു പൊലീസ്. വിചിത്രമായ പരാതിയുമായി എത്തിയ യുവാവിന് എന്ത് മറുപടി നല്‍കണം എന്നറിയാതെ പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങി. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് പൊലീസ് യുവാവിനെ മടക്കി വിട്ടത്.

ഒരു പെണ്‍കുട്ടി തന്റെ ഹൃദയം മോഷ്ടിച്ചു കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ആവശ്യമുണ്ടെന്നുമുള്ള പരാതിയുമായാണ് യുവാവ് എത്തിയത്. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്റെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടി. ഏതെങ്കിലും വസ്തുവാണ് മോഷണം പോയതെങ്കില്‍ പരാതി സ്വീകരിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും ഇന്ത്യന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്നും എന്നാല്‍ ഹൃദയമോഷണത്തെ കുറിച്ചന്വേഷണം നടത്താന്‍ നിര്‍വാഹമില്ലെന്നും പൊലീസുദ്യോഗസ്ഥര്‍ യുവാവിനെ അറിയിച്ചു.

കഴിഞ്ഞയാഴ്ച നാഗ്പുര്‍ പൊലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസ് കണ്ടെടുത്ത 82 ലക്ഷം രൂപയുടെ മോഷണവസ്തുക്കള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനിടെ നാഗ്പുര്‍ പോലീസ് കമ്മീഷണര്‍ ഭൂഷണ്‍ കുമാര്‍ ഉപാധ്യായ് പങ്കു വെച്ചതാണ് യുവാവിന്റെ ഹൃദയ മോഷണകഥ. പരാതി സ്വീകരിക്കാന്‍ വകുപ്പില്ലെന്നറിയിച്ചതോടെ യുവാവ് മടങ്ങിയാതായും അദ്ദേഹം പറഞ്ഞു.