ആർഎസ്എസ്സിനെ പ്രതിസ്ഥാനത്ത് നിർത്തി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളുടെ പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആണെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.എസ്.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിയോടെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍. അക്രമസംഭവങ്ങളുടെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവ അടങ്ങിയ സിഡിയും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ 2.32 കോടി രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി പ്രധാനം.

യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10,024 പേര്‍ ഇത്രയും കേസുകളില്‍ പ്രതികളായുണ്ട്. ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. മറ്റു സംഘടനകളില്‍ ഉള്‍പ്പെട്ട 831 പേരെ കേസില്‍ ഉള്ളൂ.