പ്രസവത്തിനിടെ നഴ്സ് ശക്തമായി വലിച്ചു; കുഞ്ഞ് രണ്ടായി മുറിഞ്ഞു; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബാംഗങ്ങൾ

ജയ്പൂര്‍: പ്രസവത്തിനിടെ നേഴ്‌സ് ശക്തമായി വലിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലുള്ള റാംഗഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ദിക്ഷ കന്‍വാറെന്ന യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവസമയത്ത് കുഞ്ഞിനെ നഴ്‌സ് ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ദിക്ഷയെ വീട്ടുകാര്‍ ജോധ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

അപകട വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.