കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനൊരുങ്ങി ബി.എസ് .പിയും,എസ് .പി യും

ഡൽഹി: കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ബി.എസ് .പി-എസ് .പി അന്തിമ ധാരണ. മായാവതിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇരുവരും നാളെ ലക്‌നൗവില്‍ നടത്തും. 80 സീറ്റുകളുള്ള യു.പിയില്‍ എസ് .പിയും ബി.എസ് .പിയും 37 വീതം സീറ്റുകളില്‍ മത്സരിക്കും. അജിത് സിംഗിന്റെ ആര്‍.എല്‍.ഡിക്ക് കൈരാന ഉള്‍പ്പെടെ 2 സീറ്റ് നല്‍കും.

കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. എന്‍.ഡി.എയുമായി ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികള്‍ക്കായി മഹാസഖ്യം വാതില്‍ തുറന്നേക്കും.ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കുകയും അപ്‌നാ ദളിന്റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയ്യാറാകും. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സഖ്യത്തില്‍ ഉള്‍പ്പെടുത്താത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന. കോണ്‍ഗ്രസിനെ എഴുതിതള്ളേണ്ടതില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുള്ള നിലപാടിലാണ് പാര്‍ട്ടി.