എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല, നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണ് ഞാൻ ഇവിടെ എത്തിയത്; യുഎഇയുടെ ഹൃദയം കവർന്ന് രാഹുൽ ഗാന്ധി

യുഎഇയുടെ മനം കവർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് എന്ന പരിപാടിയോടുള്ള പരിഹാസവും കൂടിയായിരുന്നു രാഹുലിന്റെ ഈ വാക്കുകൾ. യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

രണ്ട് ദിവസത്തെ യുഎഇ ദർശനത്തിന് ഇന്നലെയാണ് രാഹുൽ ദുബായ് അന്താരഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആദ്യമായാണ് രാഹുൽ യുഎഇയിൽ ദർശനത്തിനെത്തുന്നത്.