ശബരിമല യാത്ര പ്രതിഷേധം; വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതോടെ സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ ബിന്ദുവും കനകദുര്‍ഗയും. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുകയാണ് ഇരുവരും. എന്നാല്‍ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികള്‍ വ്യക്തമാക്കി.

പൊലീസ് സുരക്ഷയിലാണ് മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്‌തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണ് യുവതികള്‍ക്ക് രഹസ്യമായി സന്നിധാനത്തെത്താന്‍ സാധിച്ചത്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്ബരകള്‍ അരങ്ങേറയിരുന്നു. വധഭീഷണിയടക്കം തങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്.