ഇനി വാഹനം വഴിയില്‍ തടയില്ല !

തൃശ്ശൂര്‍: വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഇനിയുണ്ടാവില്ല . ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഈ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാവും ഇനി നിരത്തുകളില്‍ വാഹന പരിശോധന നടത്തുക. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം റോഡിലൂടെ അമിത വേഗത്തില്‍ പോകുന്നതും മറ്റ് നിയമ ലംഘനങ്ങൾ നടത്തുന്നതുമായ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ക്യാമറയില്‍ പകര്‍ത്തി പൊലീസിന് നല്‍കും.

വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരങ്ങളും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക. ഏതെങ്കിലും വാഹനത്തിന്റെ നമ്പർ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ പിന്നീട് ആ വാഹനം കാണുമ്പോഴോ ആ വഴി കടന്നുപോയാലോ ഞൊടിയിടയില്‍ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗവും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുൻപേ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച്‌ കണ്ടെത്തിയിരുന്നു. അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞു നിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് പുതിയ കണ്ടെത്തല്‍. കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പർ കിട്ടിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ കണ്ടെത്താനാകും. മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന സംവിധാനം അതിനാല്‍ പൊലീസിനും ഏറെ ഉപകാരപ്രദമാണ്.