മീ ടൂ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ പത്മപ്രിയ

നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയും ഡബ്ല്യു.സി.സി അംഗവുമായ പത്മപ്രിയ. മീ ടൂ ക്യാംപെയ്ന്‍ ചിലര്‍ ഫാഷനായി കൊണ്ടു നടക്കുകയാണെന്ന മോഹനലാലിന്റെ പരാമർശത്തിനെതിരെയാണ് പത്മപ്രിയ പ്രതികരിച്ചത് . മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുളളത്. പിന്നീട് ഈ മീ ടൂ മൂവ്‌മെന്റിന് എതിരെ ഇങ്ങനെ പറയുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ നിലപാടെന്ന് മനസിലാകുമെന്നും പത്മപ്രിയ പറഞ്ഞു.

മീ ടൂ ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശങ്ങള്‍. പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. തമിഴ്‌നടന്‍ പ്രകാശ് രാജ്, നടി രേവതി എന്നിവരടക്കം നിരവധിപേര്‍ മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ എത്തിയിരുന്നു.

മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോൾ മോഹന്‍ലാല്‍ കുറച്ചുകൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. അദ്ദേഹം മനഃപൂര്‍വം പറഞ്ഞതാണെന്ന് കരുതുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞു പോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ താരത്തിന്റെ പേരെടുത്തു പറയാതെ പ്രമുഖ നടന്‍ എന്നു പറഞ്ഞായിരുന്നു രേവതിയുടെ വിമര്‍ശനം. മീ ടൂ മൂവ്‌മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം.