ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു ;എന്നാൽ ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി

ആലപ്പാട്: കൊല്ലം ആലപ്പാട് ഐ.ആര്‍.ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.