ശബരിമല യുവതി പ്രവേശനം; സംഘടന ഉയര്‍ത്തിയ ആവശ്യം നടപ്പിലായിക്കഴിഞ്ഞു; നിലപാട് വ്യക്തമാക്കി തൃപ്തി ദേശായി

മുംബൈ: ശബരിമലയിലേക്ക് വീണ്ടും വരുന്നു എന്നുളള പ്രചാരണങ്ങള്‍ തള്ളി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. താന്‍ ഈ സീസണില്‍ തന്നെ ശബരിമലയിലേക്ക് എത്തും എന്നുളള പ്രചാരണം തെറ്റാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. ഈ സീസണില്‍ താന്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് പ്രചാരണങ്ങള്‍ ഗൂഢ ലക്ഷ്യങ്ങളോട് കൂടിയുളളതാണ് എന്നും തൃപ്തി ദേശായി പ്രതികരിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് യുവതീ പ്രവേശം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു.

താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച്‌ മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡിന്റെ ആവശ്യം. 10 നും 50 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതോടെ സംഘടന ഉയര്‍ത്തിയ ആവശ്യം നടപ്പിലായിക്കഴിഞ്ഞു. ഇനി ജനുവരി 22 ന് കോടതി പുറപ്പെടുവിക്കുന്ന വിധി അനുസരിച്ചാവും സംഘടന ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത്.

ജനുവരി 2ാം തിയ്യതി പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇതുവരെ പതിനൊന്ന് യുവതികള്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഭൂമാത ബ്രിഗേഡിലെ യുവതികള്‍ക്കൊപ്പം ഇക്കഴിഞ്ഞ നവംബറി തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ തൃപ്തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാര്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തി തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച്‌ തൃപ്തി മടങ്ങി. എന്നാല്‍ ഉടന്‍ തിരിച്ച്‌ വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്തിയുടെ മടക്കം.