‘ഒറ്റ നികുതിയെന്നു പറഞ്ഞിട്ട് ഇപ്പോൾ 5 തരം നികുതികളാണുള്ളത് ;കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ് .ടിയുടെ ഘടനമാറ്റും’ – രാഹുല്‍ ഗാന്ധി

അബുദാബി: ജി.എസ്.ടിയുടെ ഘടന പൊളിച്ചെഴുതണമെന്നും ഒറ്റ നികുതിയെന്നു പറഞ്ഞിട്ട് 5 തരം നികുതികളാണ് അതില്‍ ഇപ്പോള്‍ ഉള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അബുദാബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച വ്യവസായികളുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

15 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള തന്നെ എതിരാളികള്‍ വിചാരിച്ചാല്‍ എഴുതിത്തള്ളാനാകില്ലെന്നു രാഹുല്‍ പറഞ്ഞു. ഒറ്റ സാമ്പത്തിക വിദ്ഗധന്‍ പോലും നോട്ട് നിരോധനം നേട്ടമാണെന്നു പറഞ്ഞിട്ടില്ല. സമ്പദ് വ്യവസ്ഥയുടെ കുത്തകവല്‍ക്കരണമാണിപ്പോള്‍ ഇന്ത്യയില്‍. ഇരുപതോളംവമ്പന്മാരുടെ കയ്യിലാണു ബാങ്കിങ്. റഫാല്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. വിമാനം നിർമ്മിച്ച് ഒരു പരിചയവുമില്ലാത്ത അനില്‍ അംബാനിക്ക് 30,000 കോടിയുടെ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ് .ടിയുടെ ഘടനമാറ്റും.

മന്‍മോഹന്‍സിങ്ങിന്റെ ഉദാരവല്‍ക്കരണ നയം പിന്തുടരുന്നതിനൊപ്പം തൊഴിലില്ലായ്‌മയ്‌ക്കു പരിഹാരം കാണും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കും.