പുരുഷന്മാരും സ്ത്രീകളും യാത്ര ചെയ്‌തത്‌ പാന്റ് ധരിക്കാതെ ; ‘നോ പാന്റ്‌സ് ഡേ ‘ ആഘോഷിച്ച് യൂറോപ്യൻ നഗരങ്ങൾ

ലണ്ടന്‍: യൂറോപ്യന്‍ നഗരങ്ങളിൽ ഇന്നലെ ട്യൂബ് ട്രെയിനുകളില്‍ അനേകം പുരുഷന്മാരും സ്ത്രീകളും പാന്റ് ധരിക്കാതെ യാത്ര ചെയ്‌തു . അടിവസ്ത്രം മാത്രം ധരിച്ചുള്ള യാത്രക്കാരെ കണ്ട് ചിലര്‍ അമ്പരന്നു . 2002-ല്‍ ന്യുയോര്‍ക്കില്‍ ആരംഭിച്ച ‘നോ പാന്റ്‌സ് സബ്‌വേ റൈഡി’ന്റെ ഭാഗമായാണ് ഇന്നലെ ലോകത്തെ അറുപതോളം നഗരങ്ങളില്‍ ‘നോ ട്രൗസേഴ്‌സ് ഓണ്‍ ദ ട്യൂബ് റൈഡ്’ ആഘോഷിച്ചത്. ലണ്ടനില്‍ ആളുകള്‍ ട്രഫാല്‍ഗര്‍ സ്‌ക്വയറിന് മുന്നിലെ നാഷണല്‍ ഗാലറിക്ക് പുറത്ത് സമ്മേളിച്ചതിനുശേഷമാണ് വിവിധ റൂട്ടുകളിലുള്ള ട്യൂബ് ട്രെയിനിലേക്ക് അടിവസ്ത്രം ധരിച്ചുകൊണ്ട് കയറിയത്. തിരക്കേറിയ പിക്കാഡ്‌ലി ലൈനില്‍മാത്രം നൂറിലേറെ യാത്രക്കാര്‍ ഈ രീതിയില്‍ സഞ്ചരിച്ചു. തിരക്കിനിടെ പാന്റ് ഊരുന്നതിന് ഇവര്‍ക്ക് നന്നായി കഷ്ടപ്പെടേണ്ടിയും വന്നു.

ഞായറാഴ്ച അവധിയാഘോഷിക്കാനിറങ്ങിയവരില്‍ ചിലര്‍ പാന്റിടാത്ത പുരുഷന്മാരെയും സ്ത്രീകളെയും കണ്ട് അമ്പരന്നെങ്കിലും യാതൊന്നും സംഭവിക്കാത്തതുപോലെ ഇവര്‍ യാത്ര തുടരുകയും ചെയ്തു. പിക്കാഡ്‌ലി ലൈനില്‍ യാത്ര ചെയ്തവര്‍ പിന്നീട് ഗ്രീന്‍പാര്‍ക്കില്‍നിന്ന് ജൂബിലി ലൈനിലേക്ക് മാറിക്കയറുകയും കാനറി വാര്‍ഫിലിറങ്ങി മറ്റൊരു ട്രെയിനില്‍ കയറുകയും ചെയ്തു. സ്റ്റിഫ് അപ്പര്‍ ലിപ്പ് സൊസൈറ്റിയാണ് ലണ്ടനില്‍ നോ ട്രൗസേഴ്‌സ് ഓണ്‍ ദ ട്യൂബ് റൈഡ് സംഘടിപ്പിച്ചത്. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രചരണം കണ്ടറിഞ്ഞാണ് പലരും ഇതിനെത്തിയത്. മറ്റുള്ളവരെ പ്രകോപിപ്പിക്കാത്ത തരത്തിലുള്ള അടിവസ്ത്രം വേണം ധരിക്കാനെന്ന് സൊസൈറ്റി വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, സാധാരണ നിലയിലുള്ള അടിവസ്ത്രങ്ങളാണ് എല്ലാവരും ഉപയോഗിച്ചത്.

ബെര്‍ലിനിലും പ്രാഗിലുമെല്ലാം സമാനമായ ആഘോഷങ്ങള്‍ നടന്നു. ജര്‍മനിയില്‍ ചിലര്‍ കടുത്ത നിറങ്ങളിലുള്ള ഷര്‍ട്ട് ധരിച്ചും മുടിക്ക് നിറംകൊടുത്തുമെല്ലാം ആഘോഷം വര്‍ണാഭമാക്കി. ഷിക്കാഗോ, ന്യുയോര്‍ക്ക് സിറ്റി, ആംസ്റ്റര്‍ഡാം, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും നോ പാന്റ്‌സ് ഡേ വീക്കെന്‍ഡിന്റെ ഭാഗമായി നടന്നിരുന്നു.