ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികൾ തിരിച്ചിറങ്ങി

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശിയായ രേഷ്‌മ നിഷാന്തിനെയും ഷാനിലയേയുമാണ് മല കയറ്റത്തിനിടെ വന്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും ശബരിമലയിലേക്ക് തിരിച്ചത്.

ശബരിമല ദര്‍ശനം നടത്താതെ രേഷ്മ രണ്ടാം തവണയാണ് മടങ്ങുന്നത് .യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ് തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതികള്‍ എത്തിയത് എന്ന് അറിയിച്ചു . യുവതികള്‍ക്കെതിരെ പ്രതിഷേധം നടത്തിയ ച അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു .

വ്രതം നോറ്റാണ് തങ്ങള്‍ എത്തിയതെന്നും ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. ഏറ്റവും സമാധാനപരമായി വരാമെന്നുള്ളതുകൊണ്ടാണ് മകരവിളക്കു കഴിയാന്‍ കാത്തിരുന്നത്. ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതംനോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്‌മ ആവശ്യപ്പെട്ടു.