കാരാട്ട് റസാഖിന്റെ അയോഗ്യത;ഇത് മുസ്ലിം ലീഗിന്റെ മധുരപ്രതികാരം

കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മുസ്‍ലിം ലീഗിന്റെ മധുരപ്രതികാരമാണ്. അവസാന ഘട്ടത്തില്‍ മറുകണ്ടം ചാടി ലീഗിനെ നാണക്കേടിലേക്ക് തള്ളിവിടുന്ന തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ കാരാട്ട് റസാഖിനോടുള്ള പ്രതികാരം ശരിക്കും ആഘോഷിക്കുകയാണ് ലീഗുകാര്‍.
എം.എ റസാഖ് മാസ്റ്റര്‍ക്ക് കൊടുവള്ളി സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് ഉയര്‍ത്തിയ കലാപത്തില്‍ ലീഗ് ആടിയുലഞ്ഞതാണ് ചരിത്രം. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ പുകഞ്ഞ അതൃപ്തിയെ ഉപയോഗപ്പെടുത്തിയത് എല്‍.ഡി.എഫ്. കാരാട്ടിനെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് ഇടത് പക്ഷം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തന്നെ ലീഗ് വിറച്ചു. പിന്നാലെ അരയും തലയും മുറുക്കി എം.എ റസാഖ് മാസ്റ്ററും ലീഗ് നേതൃത്വവും കളത്തിലിറങ്ങിയിട്ടും മണ്ഡലം കൈവിട്ടു.
573 വോട്ടിന്റെ കാരാട്ട് റസാഖിന്റെ വിജയം ഇടത് പക്ഷം ആഘോഷമാക്കിയപ്പോള്‍ പിന്നീട് ലീഗും കാരാട്ട് റസാഖും തമ്മില്‍ കലഹത്തിന്റെ നാളുകളായിരുന്നു കൊടുവള്ളിയില്‍. അതുകൊണ്ട് തന്നെയാണ് നിയമപോരാട്ടത്തിലെ വിജയം ലീഗിന് മധുരപ്രതികാരമായി മാറുന്നത്.